Wednesday 21 November 2012

വ്യത്യസ്‌തതകളുമായി ആസ്‌ട്രേലിയന്‍ ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ശ്രദ്ധേയമായ പാക്കേജുകളിലൊന്നാണ്‌ ആസ്‌ട്രേലിയന്‍ ഇന്‍ഡിജീനിയസ്‌ ചിത്രങ്ങള്‍ . ആസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിലെ ആദിമനിവാസികളെക്കുറിച്ചുള്ള ചിത്രങ്ങളോ, ആദിമനിവാസികള്‍ തന്നെ നിര്‍മിച്ച ചിത്രങ്ങളോ ആണിത്‌. പ്രമേയത്തിലും ആവിഷ്‌കാരത്തിലും വ്യത്യസ്‌തത പുലര്‍ത്തുന്ന ഈ ചിത്രങ്ങള്‍ തനതുസംസ്‌കാരങ്ങളെ ഉള്‍ക്കാഴ്‌ചയോടെ കാണുന്നതിന്‌ അവസരമൊരുക്കുന്നു. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എട്ടു ചിത്രങ്ങള്‍ ആസ്‌ട്രേലിയയിലെ വര്‍ണ, വംശീയ സംഘര്‍ഷങ്ങള്‍, ആദിമനഷ്യന്‌ സമൂഹത്തിലെ മുഖ്യധാരയിലുള്ളവരുമായുള്ള ബന്ധം, ഗോത്രസംസ്‌കാരം, പൈതൃകം എന്നിവ പുറംലോകത്തിനു മുന്നില്‍ വരച്ചുകാട്ടുന്നു.

ടോറസ്‌ സ്‌ട്രെയ്‌റ്റ്‌ ഐലന്റിലെ ആദിമനുഷ്യര്‍ സ്വയംബോധമുള്ളവരും അപകടകാരികളല്ലെന്നും ദുരൂഹമായ സമൂഹമല്ലെന്നും ഈ ചിത്രങ്ങള്‍ വിളിച്ചോതുന്നു. ആസ്‌ട്രേലിയയിലെ ആദിമനുഷ്യര്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ ഇവരെക്കുറിച്ചുള്ള ചിത്രങ്ങളും മുഖ്യധാരാ സിനിമാചരിത്രത്തില്‍ നിന്നും പാര്‍ശ്വവത്‌കരിക്കപ്പെട്ടിരിക്കുന്നു.



ട്രേസി മൊഫാറ്റിന്റെ ബീ ഡെവിള്‍ (Bedevil, Dir: Tracey Moffatt), റേച്ചല്‍ പെര്‍ക്കിന്‍സിന്റെ വണ്‍ നൈറ്റ്‌ ദി മൂണ്‍ (One Night the Moon, Dir: Rachel Perkins), റോള്‍ഫ്‌ ഡി ഹീര്‍ സംവിധാനം ചെയ്‌ത ടെന്‍ കാനോസ്‌ (Canoes, Dir: Rolf de Heer), വാര്‍വിക്‌ തോണ്‍ടണിന്റെ സാംസണ്‍ ആന്‍ഡ്‌ ഡെലിലാ (Samson and Delilah, Dir: Warwick Thornton), ഇവാന്‍ സെനിന്റെ ടൂമെലഹ്‌ (Toomelah, Dir: Ivan Sen), ബെക്ക്‌ കോളിന്റെ ഹിയര്‍ ഐ ആം (Here I am, Dir: Beck Cole), വെയ്‌ന്‍ ബ്‌ളെയറിന്റെ ദി സഫയേഴ്‌സ്‌ (The Sapphires, Dir: Wayne Blair), ഫിലിപ്പ്‌ നോയ്‌സിന്റെ ദി റാബിറ്റ്‌ പ്രൂഫ്‌ ഫെന്‍സ്‌ (The Rabbit Proof Fence, Dir: Phillip Noyce) എന്നിവയാണ്‌ ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ .

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ബീ ഡെവിള്‍ ട്രേസി മൊഫാറ്റിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ്‌. മൂന്ന്‌ കഥകള്‍ ഉള്‍പ്പെട്ട ഈ ചിത്രത്തില്‍ ഭൂതകാലത്താല്‍ വേട്ടയാടപ്പെടുന്നതും, ഓര്‍മ്മകളാല്‍ ഭീതിജനകവുമായ പാത്രസൃഷ്‌ടിയിലൂടെ വ്യത്യസ്‌തമായരീതിയിലാണ്‌ കഥ പറയുന്നത്‌.

1930 കളിലെ വെള്ളക്കാരായ കര്‍ഷകകുടുംബത്തിന്റെയും ആ കാലഘട്ടത്തിലെ വര്‍ണ, വംശബന്ധങ്ങളുടെയും കഥ നാടകീയമായി അവതരിപ്പിച്ചിരിക്കുകയാണ്‌ റേച്ചല്‍ പെര്‍ക്കിന്‍സിന്റെ വണ്‍ നൈറ്റ്‌ ദി മൂണ്‍ എന്ന ചിത്രത്തില്‍.

ഹോളിവുഡ്‌ സിനിമകളില്‍ നിന്നും, ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തത പുലര്‍ത്തുന്നതാണ്‌ റോള്‍ഫ്‌ ഡി ഹീറിന്റെ ടെന്‍ കാനോസ്‌. ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആദിമനഷ്യരുടെ ജീവിതം പച്ചയായി ചിത്രീകരിച്ചിരിക്കുകയാണ്‌. പുരുഷനഗ്നതയും നാടന്‍ തമാശകളും നിറഞ്ഞ ഈ ചിത്രത്തില്‍ രണ്ട്‌ കഥകളാണ്‌ സംവിധായകന്‍ പറയുന്നത്‌. ഒരെണ്ണം കളറിലും മറ്റേത്‌ കറുപ്പിലും വെളുപ്പിലുമാണ്‌. ടെന്‍ കാനോസ്‌ പിന്നീട്‌ ഇതേപോലുള്ള എട്ടോളം ചിത്രങ്ങള്‍ക്ക്‌ പ്രചോദനമായി.

മദ്ധ്യആസ്‌ട്രേലിയയിലെ മരൂഭൂമിയിലെ പ്രണയജോഡികളുടെ കഥ പറയുകയാണ്‌ സാംസണ്‍ ആന്റ്‌ ഡെലിലാ എന്ന ചിത്രത്തില്‍ സംവിധായകനന്‍ വാര്‍വിക്‌ തോണ്‍ടണ്‍. 2002 ലെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടിയ സംവിധായകന്‍ ഇവാന്‍ സെന്നിന്റെ ടൂമെലാഹ്‌ എന്ന ചിത്രം ആദിമഗോത്രസമൂഹത്തിലെ ഒരു ബാലന്‍ ചെറുപ്പക്കാരായ മയക്ക്‌മരുന്ന്‌ കച്ചവടക്കാരുടെ സംഘത്തില്‍പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും വിവരിക്കുന്നു ഈ ചെറുബജറ്റ്‌ ചിത്രത്തില്‍

സംവിധായകന്‍ ഫിലിപ്‌ നോയ്‌സ്‌ ഹോളിവുഡിലെ ചലച്ചിത്രജീവിതത്തില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നിര്‍മിച്ച ശ്രദ്ധേയമായ ചിത്രമാണ്‌ ദി റാബിറ്റ്‌ പ്രൂഫ്‌ ഫെന്‍സ്‌. ഡോറിസ്‌ പില്‍കിംഗ്‌ടണ്‍ ഗാരിമാരയുടെ ഫോളോ ദി റാബിറ്റ്‌ ഫെന്‍സെന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ്‌ ദി റാബിറ്റ്‌ പ്രൂഫ്‌ ഫെന്‍സ്‌. വീട്ടുജോലിക്കായി സ്വന്തം ഗ്രാമത്തില്‍ നിന്നും 2000 കിലോമീറ്റര്‍ ദൂരത്തേക്ക്‌ നിര്‍ബന്ധപൂര്‍വം പോകേണ്ടി വന്ന മൂന്നു പെണ്‍കുട്ടികള്‍ അവിടെ നിന്നും രക്ഷപ്പെട്ട്‌ തിരിച്ച്‌ വീട്ടില്‍ അമ്മമാരുടെ അടുത്തെത്തുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. പരുക്കനായ ഭൂപ്രകൃതിയിലൂടെയും മരുഭൂമിയിലൂടെയും മോശം കാലാവസ്ഥയിലൂടെയും രക്ഷപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക്‌ വീട്ടിലേക്കുള്ള വഴി അറിയാന്‍ റാബിറ്റ്‌ പ്രൂഫ്‌ ഫെന്‍സ്‌ മാത്രമാണ്‌ ആശ്രയം. ആസ്‌ട്രേലിയയില്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു തരം വേലിയാണ്‌ റാബിറ്റ്‌ പ്രൂഫ്‌ ഫെന്‍സ്‌.

ഈ വ്യത്യസ്‌ത ചിത്രങ്ങള്‍ മേളയിലെത്തുന്ന ഇന്‍ഡ്യന്‍ ചലച്ചിത്രകാരന്‍മാര്‍ക്കും ചലച്ചിത്രപ്രേമികള്‍ക്കും തനത്‌ സംസ്‌കാരത്തിന്റെ സംരക്ഷണത്തിനായി ആസ്‌ട്രേലിയയില്‍ നടക്കുന്ന ചെറുതും വലുതുമായ ശ്രമങ്ങളുടെ ദൃശ്യാനുഭവങ്ങള്‍ കൂടിയാകും ഇന്‍ഡിജനസ്‌ സിനിമ.


IFFK Media 2012/3

No comments:

Post a Comment