Thursday 29 November 2012

കാഴ്‌ചയുടെ വിസ്‌മയം തീര്‍ത്ത്‌ ലോകസിനിമകള്‍


കാലത്തിന്റെയോ ദേശത്തിന്റെയോ അതിര്‍ത്തി ഭേദമില്ലാത്ത പ്രമേയങ്ങളുടെ പൂരക്കാഴ്‌ചയാണ്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. പ്രദര്‍ശിപ്പിച്ചിടത്തെല്ലാം ആസ്വാദനത്തിന്റെ വിസ്‌മയങ്ങളും വെല്ലുവിളികളും ഉയര്‍ത്തിയ 79 സിനിമകളാണ്‌ ഇവിടെയ്‌ക്കെത്തുന്നത്‌. സാങ്കേതികത്തികവ്‌, ശക്തമായ പ്രമേയം, നൂതനമായ ആവിഷ്‌കാരം എന്നിവ കൊണ്ട്‌ സമ്പന്നമായ ഈ ചിത്രങ്ങള്‍ ഓരോന്നും നൂറ്റാണ്ടിലെ ലോക സിനിമാഗതിയുടെ പരിച്ഛേദം കൂടിയാകുന്നു.
ചലച്ചിത്രലോകത്തെ അതികായരായ അകി കരസ്‌മാകി , അബ്ബാസ്‌ കിയറോസ്‌താമി, ബര്‍ണാഡോ ബട്ട്‌ലൂച്ചി, കിംകിഡുക്‌, കെന്‍ലോച്‌, ലിയോ കാര്‍ക്‌സ്‌, യുസ്രീ നസ്രല, , ദീപ മേത്ത, റൗള്‍ റോയ്‌സ്‌, വാള്‍ട്ടര്‍ സലസ്‌, , ലാന്‍സ്‌ വോണ്‍ ട്രയര്‍, പൗലോ സൊറണ്ടീനോ എന്നിവരുടെ ചിത്രങ്ങളാണ്‌ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ പുറത്തിറങ്ങിയവയാണിവ. രാജ്യാന്തരമേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയവയോ പങ്കെടുക്കുകയോ ചെയ്‌തവയാണ്‌ ഇവയെല്ലാം. സ്‌നേഹം, വിരഹം, രാഷ്‌ട്രീയം, വ്യക്തിസംഘര്‍ഷം, കുടുംബബന്ധം ,പ്രതികാരം, മൂല്യച്യുതി തുടങ്ങിയ പ്രമേയങ്ങളാണ്‌ ചിത്രങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്‌.
ശിവേന്ദ്രസിംഗ്‌ ദുര്‍ഗര്‍പൂര്‍ സംവിധാനം ചെയ്‌ത സെല്ലുലോയ്‌ഡ്‌ മാനാണ്‌ ഈ വിഭാഗത്തിലെ ഇന്ത്യന്‍ സിനിമ. സല്‍മാന്‍ റുഷ്‌ദിയുടെ മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രന്‍ അധികരിച്ചുള്ള ദീപ മേത്തയുടെ വിവാദചിത്രം ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ ഈ മേളയിലാണ്‌. ഒന്‍പത്‌ സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ഈജിപ്‌ഷ്യന്‍ വിപ്ലപത്തിന്റെ കഥപറയുന്ന 18 ഡെയ്‌സ്‌ എന്ന ചിത്രം നിരവധിമേളകളില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. കാന്‍ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ അമോര്‍ സംഗീത അധ്യാപകരായ വൃദ്ധദമ്പതികളുടെ കഥപറയുന്നു. ലോകചലച്ചിത്ര പ്രേമികളുടെ ഹൃദയം കവര്‍ന്ന ഈചിത്രം വാര്‍ദ്ധക്യത്തിലെ തീവ്ര പ്രണയത്തെ കുറിക്കുന്നു.
ജീവിതത്തെ പല വേഷങ്ങളിലൂടെ നേരിടുന്ന 'ഓസ്‌കാറി' ന്റെ കഥപറയുന്ന ലിയോ കാര്‍ക്‌സിന്റെ ഹോളിമോട്ടോര്‍സ്‌ ചിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍, ഛായാഗ്രഹണം, അന്താരാഷ്ട്ര ചലച്ചിത്രം എന്നീ അവാര്‍ഡുകളും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ്‌ ഓഫ്‌ യൂത്ത്‌ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്‌. ഫിപ്രസ്സി അവാര്‍ഡുള്‍പ്പെടെ 14 അവാര്‍ഡുകള്‍ നേടിയ ലെ ഹാവര്‍ ആഫ്രിക്കന്‍ ബാലന്റെ കഥപറയുന്ന ചിത്രമാണ്‌. ജാപ്പനീസ്‌ ഭാഷയിലെ എക്കാലത്തേയും മികച്ച പ്രണയചിത്രമായി കണക്കാക്കുന്ന അബ്ബാസ്‌ കിരിയാസ്‌തോമിയുടെ ലൈക്ക്‌ സം വണ്‍ ഇന്‍ലൗ യുവതിയും വൃദ്ധനുമായുള്ള ഒരു ദിവസത്തെ ജീവിതത്തെ ചിത്രീകരിക്കുന്നു.
രണ്ടുവര്‍ഷത്തിന്‌ മുമ്പ്‌ കേരള ചലച്ചിത്രമേളയില്‍ ഏറെ സംസാരവിഷയമായ ആന്റി ക്രൈസ്റ്റിന്റെ സംവിധായകനായ ലാര്‍സ്‌ വോണ്‍ ട്രയറിന്റെ മുപ്പത്തിയൊന്ന്‌ അവാര്‍ഡുകള്‍ വാങ്ങിയ മെലന്‍കൊളിയയും കിംകിഡുക്ക്‌ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച പ്രശസ്‌ത ചിത്രം പിയത്തയും പ്രദര്‍ശിപ്പിക്കും. പിയത്ത കാന്‍നില്‍ മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. ക്രിസ്റ്റ്യന്‍ മുങ്ങിനോയുടെ ബിയോണ്‍ ദ ഹില്‍സ്‌ മായികഭാവമുള്ള പെണ്‍കുട്ടിയെക്കുറിച്ചാണ്‌. ഏഴ്‌ സംവിധായകരുടെ സംവിധാന മികവിനെ പ്രതിനിധാനം ചെയ്യുന്ന സെവന്‍ ഡെയ്‌സ്‌ ഇന്‍ ഹവാനയും പ്രദര്‍ശിപ്പിക്കും. സംവിധായികയായ റോബര്‍ട്ടാ മാര്‍കേസിന്റെ സ്‌ത്രീകളെക്കുറിച്ചുള്ള സ്‌ത്രീകള്‍ മാത്രം അഭിനയിച്ച റാനിയ പ്രത്യേകശ്രദ്ധ പിടിച്ചു പറ്റും.
മുപ്പത്തിയൊന്‍പത്‌ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഇരുപത്തിയാറെണ്ണം ഫ്രാന്‍സില്‍ രൂപപ്പെട്ടതാണ്‌. ലോകസിനിമയുടെ രാഷ്ട്രീയ-ദേശീയ-സാമൂഹിക കാഴ്‌ചപ്പാടുകള്‍ മനസ്സിലാക്കാനുള്ള ഒരു വേദി കൂടിയാകുന്നു ചലച്ചിത്രമേളയുടെ ലോകസിനിമ വിഭാഗം. 

No comments:

Post a Comment