Thursday 13 December 2012

ചിലിയന്‍ സിനിമ ഹോളിവുഡിന്റെ പിടിയില്‍: ഫ്രാന്‍സിസ്‌ക സില്‍വ

ഹോളിവുഡിന്റ കടന്നുകയറ്റമാണ്‌ ചിലിയന്‍ സിനിമകളില്‍ നടക്കുന്നതെന്ന്‌ മത്സര ചിത്രം ഇവാന്‍സ്‌ വുമണിന്റെ സംവിധായിക ഫ്രാന്‍സിസ്‌കാ സില്‍വ പറഞ്ഞു. മേളയിലെ മീറ്റ്‌ ദ പ്രസ്സില്‍ ചിലിയിലെ ചലച്ചിത്രവ്യവസായത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അവര്‍. ചിലിയിലെ പുതുതലമുറ സ്വത്വത്തെ തേടിയുള്ള യാത്രയിലാണ്‌. ഇതിനിടയില്‍ സ്വദേശീയ സിനിമകള്‍ക്ക്‌ ഹോളിവുഡ്‌ സിനിമയോട്‌ പൊരുതി ജയിക്കേണ്ട അവസ്ഥയാണുള്ളത്‌. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ഒരു രാജ്യമാണ്‌ തന്റേത്‌. അവിടെ ജനജിവിതം പൊതുവേ സമാധാനപരമാണെങ്കിലും ജനങ്ങള്‍ക്ക്‌ പല പ്രശ്‌നങ്ങളെയും നേരിടേണ്ടിവരുന്നുണ്ട്‌. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നേര്‍ക്കുള്ള ചോദ്യമാണ്‌ തന്റെ ചിത്രമെന്നവര്‍ പറഞ്ഞു.
ഇന്ത്യാ-പാക്‌ ബന്ധമാണ്‌ ഫിലിമിസ്‌താന്റെ പ്രമേയമെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ നിതിന്‍ കക്കര്‍ പറഞ്ഞു. ഇരു രാജ്യങ്ങളെയും ഒരുമിപ്പിച്ചുനിര്‍ത്തുന്ന ഘടകമാണ്‌ സിനിമ. 35 എം.എം. ക്യാമറ ഉപയോഗിച്ച്‌ 20 ദിവസം കൊണ്ടാണ്‌ സിനിമ പൂര്‍ത്തിയാക്കിയത്‌. ഇന്ത്യയ്‌ക്കുള്ള എന്റെ പ്രണമാമാണ്‌ ഫിലിമിസ്‌താനെന്ന്‌ അദ്ദേഹം പറഞ്ഞു.
സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ്‌ തന്റെ ആദ്യ ചിത്രമായ ചീക്കയെന്ന്‌ സംവിധായകനും എഡിറ്ററുമായ അദയപാര്‍ഥ രാജന്‍ പറഞ്ഞു.

No comments:

Post a Comment