Sunday 9 December 2012

മേളയുടെ അവകാശികള്‍

മേളയില്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റത്‌ മലയാള സിനിമകള്‍. തിയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞ്‌ ആളുണ്ടാകുന്ന വിദേശ ചിത്രങ്ങള്‍ക്കൊപ്പം ഇന്നു പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍ക്കും പ്രേക്ഷകരെ ആകര്‍ഷിക്കാനായി.
ഗൗരവ സിനിമയുടെ വക്താവായ ടി.വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശികളും ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാനിലെ നായക വേഷത്തില്‍ അഭിനയിച്ച ജോയി മാത്യു സംവിധാനം ചെയ്‌ത ഷട്ടറും നിറഞ്ഞ സദസ്സിലാണ്‌ പ്രദര്‍ശിപ്പിച്ചത്‌. യുവ സംവിധായകന്‍ ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറവും ഇന്നലെ പ്രേക്ഷകശ്രദ്ധ നേടി.
ഈ മേളയുടെ എക്കാലത്തെയും താരമായ കിം കി ഡുക്കിന്റെ പതിവുശൈലിയിലുള്ള ചിത്രം കാണാനെത്തിയവര്‍ക്ക്‌ പിയത്ത മറ്റൊരു അനുഭവമാണ്‌ നല്‍കിയത്‌. വിഖ്യാത ചലച്ചിത്രകാരന്മാരായ കുറസോവയുടെയും റെനെയുടെയും ചിത്രങ്ങള്‍ക്ക്‌ ചരിത്രകുതുകികളും സിനിമാ വിദ്യാര്‍ഥികളും തിക്കിക്കയറി.
പോര്‍ച്ചുഗീസ്‌ കവയത്രി ഫ്‌ളോര്‍ബലാ എസ്‌പാന്‍കയുടെ ദുരന്ത ജീവിതകഥ പറഞ്ഞ ഫ്‌ളോര്‍ബെലയും പോള്‍ കോക്‌സിന്റെ 2008 ലെ സിനിമയായ സാല്‍വേഷ്യനും പ്രേക്ഷക പ്രശംസനേടി.
ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസിന്റെ ഓണ്‍ ദ റോഡ്‌ ലോകോത്തര സിനിമാനിലവാരത്തിലേക്ക്‌ തിയേറ്ററിനെ ഒന്നടങ്കം ഉയര്‍ത്തി. ഫ്രഞ്ച്‌ സംവിധായകന്‍ ലിയോസ്‌ കറക്‌സിന്റെ ഹോളി മോട്ടോര്‍സ്‌ സ്വപ്‌ന വാഹനസഞ്ചാരത്വരയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു.
ബ്രസീലിയന്‍ നടിയും സംവിധായകയുമായ ഹെലേന ഇഗ്നസിന്റെ ലൈറ്റ്‌ ഇന്‍ ഡാര്‍ക്ക്‌നസ്‌ എന്ന ചിത്രത്തിനൊപ്പം സത്യന്റെ സ്‌മരണയ്‌ക്കുമുമ്പില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ പ്രദര്‍ശിപ്പിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ക്കും പ്രേക്ഷകരെ ആകര്‍ഷിക്കാനായി.
ഗിരീഷ്‌ കാസറവള്ളിയുടെ കൂര്‍മാവതാരവും അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്തും നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശിപ്പിച്ചത്‌.
ഞായറാഴ്‌ച തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ മേളയുടെ നഗരമായി മാറി.

No comments:

Post a Comment