Sunday 9 December 2012

ശതാബ്‌ദിയുടെ നിറവില്‍ രണ്ട്‌ പ്രദര്‍ശനങ്ങള്‍

മലയാളത്തിന്റെ മഹാനടന്‍ സത്യന്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രണാമമായി ചിത്ര പ്രദര്‍ശനം. `സത്യന്‍ അറ്റ്‌ 100' എന്ന പേരില്‍ കനകക്കുന്ന്‌ കൊട്ടാരത്തില്‍ നടക്കുന്ന പ്രദര്‍ശനം അഭിനയ കുലപതിയുടെ ജീവിത മുഹൂര്‍ത്തങ്ങളുടെ നേര്‍കാഴ്‌ച സമ്മാനിക്കുന്നു. സിനിമ ആര്‍ട്ട്‌ ഡയറക്‌ടര്‍ സാബു പ്രവദാസാണ്‌ പ്രദര്‍ശനം ഡിസൈന്‍ ചെയ്‌ത്‌ ഒരുക്കിയിരിക്കുന്നത്‌.
സത്യനൊപ്പം പ്രവര്‍ത്തിച്ച പ്രമുഖ സംവിധായകര്‍, നടിമാര്‍, അദേഹം അഭിനയിച്ച പ്രധാന സിനിമകളിലെ സീനുകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ കുടുംബ ശേഖരത്തിലെ ചിത്രങ്ങളും ഉണ്ട്‌. സത്യന്‍ ആദ്യമായി അഭിനയിച്ച റിലീസ്‌ ചെയ്യാത്ത ത്യാഗസീമ (1951) യില്‍ ഭാരതി മേനോനൊപ്പമുള്ള ചിത്രം മുതല്‍ 1971 ല്‍ മരണം വരെയുള്ള ചിത്രങ്ങളുണ്ട്‌. അദേഹത്തിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരണവും 1951 മുതല്‍ 1971 വരെ സത്യന്‍ അഭിനയിച്ച 147 ചിത്രങ്ങളുടെ പേരുകളുടെ പട്ടികയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആകെ നൂറ്‌ ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിലുള്ളത്‌.
അഭിനയം ഒരു കലയാണെന്ന്‌ തെളിയിച്ച, ജീവിതത്തിന്റെ കയ്‌പുനീര്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ അഭ്രപാളിയെ സമ്പന്നമാക്കിയ സത്യന്റെ ഓരോ ചിത്രവും ഒരുപാട്‌ ഓര്‍മ്മകള്‍ പങ്കിടുന്നു.
ശതാബ്ദിയാഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ തിളക്കമേറിയ ഏടുകള്‍ `ഇന്ത്യന്‍ സിനിമ 100` എന്ന പേരില്‍ `ഇതിനോടൊപ്പം പ്രദര്‍ശനത്തിനുണ്ട്‌. വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഫിലിം ഡിവിഷനാണ്‌ ഇന്ത്യന്‍ സിനിമ 100 തയ്യാറാക്കിയത്‌. മുംബൈയില്‍ നാഷണല്‍ ഫിലിം മ്യൂസിയം സ്ഥാപിക്കുന്നതിന്‌ മുന്നോടിയായുള്ള ഈ സംരംഭം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന്‌ പര്യാപ്‌തമാണ്‌.

നിശ്ചലചിത്രം ചലിപ്പിക്കുന്നത്‌ മുതലുള്ള സിനിമയുടെ വികാസ ചരിത്രം ഡിജിറ്റല്‍ രൂപത്തില്‍ പരിചയപ്പെടാന്‍ കഴിയും. ആദ്യകാല സിനിമ ചിത്രീകരണത്തിന്‌ ഉപയോഗിച്ചിരുന്ന 800 എംഎം ടെലി ലെന്‍സ്‌ ക്യാമറ, എംആര്‍ ലൈറ്റ്‌, ന്യൂമെന്‍ മൈക്രോ ഫോണ്‍, ഐമോ ക്യാമറ എന്നിവയും പ്രദര്‍ശനത്തിലുണ്ട്‌. ചലന ചരിത്രം കണ്ടു മനസ്സിലാക്കാന്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ്‌ ഇത്‌.
ഡിസംബര്‍ പതിനാലിന്‌ അവസാനിക്കുന്ന പ്രദര്‍ശനം രാവിലെ പത്ത്‌ മുതല്‍ രാത്രി എട്ട്‌ വരെയാണ്‌.  

No comments:

Post a Comment