Friday 7 December 2012

മത്സരവിഭാഗം ചിത്രങ്ങള്‍ ഇന്നുമുതല്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നാരംഭിക്കും. മാറ്റുരയ്‌ക്കാനെത്തുന്നത്‌ നാല്‌ സിനിമകള്‍. രാവിലെ 11.45 ന്‌ അഞ്‌ജലി തീയേറ്ററില്‍ ബെല്‍മിന്‍ സോളിമസ്സിന്റെ പ്രസന്റ്‌ ടെന്‍സ്‌, ഉച്ചയ്‌ക്ക്‌ മൂന്നിന്‌ ശ്രീ പത്മനാഭയില്‍ ഫ്രാന്‍സിസ്‌ക സില്‍വയുടെ ഇവാന്‍സ്‌ വുമണ്‍, മൂന്നരയ്‌ക്ക്‌ ശ്രീയില്‍ മന്നി പാലോയുടെ സ്റ്റാ.നിന, വൈകീട്ട്‌ ആറരയ്‌ക്ക്‌ ന്യൂ തീയേറ്ററില്‍ ലൂസിയ കരേരാസ്‌ സംവിധാനം ചെയ്‌ത നോസ്‌ വെമോസ്‌ പപ്പ എന്നിവയാണ്‌ ഇന്ന്‌ പ്രദര്‍ശപ്പിക്കുന്ന ചിത്രങ്ങള്‍. 
സ്വന്തം ഭാവിക്കു വേണ്ടി മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്ന തൊഴില്‍രഹിതയും നിരാലംബയുമായ യുവതിയുടെ കഥപറയുന്ന 110 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള തുര്‍ക്കിഷ്‌ ചിത്രമാണ്‌ ബെല്‍മിന്‍ സോളിമസ്സിന്റെ പ്രസന്റ്‌ ടെന്‍സ്‌. തെറ്റും ശരിയും തിരിച്ചറിയാനാകാതെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രണയം കൈമാറ്റം ചെയ്യുന്ന ഇവാന്റെയും നതാലിയുടെയും കഥയാണ്‌ ഫ്രാന്‍സിസ്‌ക സില്‍വയുടെ ഇവാന്‍സ്‌ വുമണ്‍ എന്ന സ്‌പാനിഷ്‌ ചിത്രം. സ്റ്റാ.നിന എന്ന ചിത്രത്തിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാര്‍ഗ്ഗം തുറന്നിടുന്ന മേരികിറ്റ്‌ എന്ന രണ്ടുവയസ്സുകാരിയുടെ മൃതദേഹത്തെ കേന്ദ്രീകരിച്ച്‌ കഥപറയുകയാണ്‌ സംവിധായകന്‍ മന്നി പാലോ. പ്രണയം, നഷ്ടം, ഏകാന്തത എന്നിവ അവതരിപ്പിക്കുന്ന കാലികപ്രസക്തിയുള്ള കഥയാണ്‌ ലൂസിയ കരേരാസിന്റെ നോസ്‌ വെമോസ്‌ പപ്പ.
ലോകസിനിമ വിഭാഗത്തില്‍ 28 ചിത്രങ്ങളും, ഫിലിം ഓണ്‍ അഡോളസന്‍സ്‌ വിഭാഗത്തില്‍ നിന്ന്‌ മൂന്നും ഇന്‍ഡീജീനിയസ്‌ ആസ്‌ട്രേലിയ, ടോപ്‌ ആംഗിള്‍, കണ്‍ട്രിഫോക്കസ്‌ : വിയറ്റ്‌നാം, ഇന്ത്യന്‍ സിനിമ, വിഭാഗങ്ങളിലേയും അലെന്‍ റെനെ, പോള്‍ കോക്‌സ്‌ എന്നിവരുടെയും രണ്ടു ചിത്രങ്ങള്‍ വീതവും ഇന്നുണ്ട്‌. ഇന്ത്യന്‍ റുപ്പി, ചെമ്മീന്‍, റിട്രോവിഭാഗത്തില്‍ നിന്ന്‌ അകിരാ കുറസോവയുടെ ദ ഹിഡണ്‍ ഫോര്‍ട്രസ്‌ എന്നിവയും ഇന്ന്‌ പ്രദര്‍ശിപ്പിക്കും.
നിള തീയേറ്ററില്‍ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.


iffk 2012 media 31 /07.12.2012

No comments:

Post a Comment