Monday 10 December 2012

അതിരുകള്‍ക്ക്‌ അതീതമാണ്‌ ഭൂമിയുടെ അവകാശികള്‍: ടി.വി.ചന്ദ്രന്‍

`ഭൂമിയുടെ അവകാശികള്‍` ഭൂമിശാസ്‌ത്രപരമായ അതിരുകള്‍ക്ക്‌ അതീതമായ സിനിമയാണെന്ന്‌ സംവിധായകന്‍ ടി.വി.ചന്ദ്രന്‍. ചലച്ചിത്രമേളയോടനുബന്ധിച്ച്‌ നടന്ന മീറ്റ്‌ ദ ഡയറക്‌ടര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദേഹം. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സിനിമ ചിത്രീകരിക്കുന്നതില്‍ താന്‍ സംതൃപ്‌തനല്ലെന്നും ഭൂമിയുടെ അവകാശികളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റ്‌ ഉപയോഗിച്ചതിന്‌ കാരണം ബജറ്റിന്റെ അപര്യാപ്‌തതയായിരുന്നുവെന്നും അദേഹം പറഞ്ഞു. ഡിജിറ്റല്‍ ഫോര്‍മാറ്റ്‌ ഒരുപാട്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്ന്‌ അഭിപ്രായപ്പെട്ട ടി.വി.ചന്ദ്രന്‍ തന്റെ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സാങ്കേതിക തടസ്സം നേരിട്ടത്‌ ചൂണ്ടിക്കാട്ടി.
കല്‌പറ്റ നാരായണന്റെ ഇത്ര മാത്രം എന്ന നോവല്‍ അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ നോവലിന്റെ അന്തസത്ത സിനിമയിലും ഉണ്ടാകണമെന്ന്‌ ആഗ്രഹിച്ചിരുന്നതായി സംവിധായകന്‍ കെ.ഗോപിനാഥന്‍ പറഞ്ഞു. സ്വന്തമായൊരു വ്യാഖ്യാനം നല്‍കുന്നതിനും ശ്രമിച്ചിരുന്നു.ചിത്രത്തിന്റെ റിലീസിനു ശേഷവും മേളയിലെ പ്രദര്‍ശനത്തിന്‌ ശേഷവും പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്ന്‌ വരുന്ന അഭിപ്രായങ്ങള്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ചു എന്നതാണ്‌ സൂചിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.
ചെറുതും വലുതുമായി നിരവധി ആളുകളില്‍ നിന്ന്‌ ശേഖരിച്ച പണമാണ്‌ ചായില്യം എന്ന തന്റെ ചിത്രം പൂര്‍ത്തീകരിച്ചതെന്ന്‌ സംവിധായകന്‍ മനോജ്‌ കാന. ഇത്തരം കൂട്ടായ്‌മകളിലൂടെ ഇനിയും ചിത്രങ്ങള്‍ ചെയ്യണമെന്നതാണ്‌ തന്റെ ആഗ്രഹമെന്നും അദേഹം അറിയിച്ചു.
വിയന്നയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തിന്റെ ചലച്ചിത്ര ഭാഷ്യമാണ്‌ `ഇവാന്‍സ്‌ വുമണ്‍` എന്ന്‌ സംവിധായിക ഫ്രാന്‍സിസ്‌ക സില്‍വ. തന്റെ സിനിമാപഠനത്തിന്റെ ഭാഗമായാണ്‌ ഈ ചിത്രം നിര്‍മ്മിച്ചതെന്നും ചിലിയില്‍ നിന്നെത്തിയ യുവ സംവിധായിക പറഞ്ഞു. വര്‍ഷത്തില്‍ 30 മുതല്‍ 40 ചിത്രങ്ങള്‍ വരെയാണ്‌ തന്റെ രാജ്യത്ത്‌ നിന്ന്‌ നിര്‍മ്മിക്കുന്നതെന്നും മറ്റൊരു ചോദ്യത്തിന്‌ ഉത്തരമായി ഫ്രാന്‍സിസ്‌ക സില്‍വ പറഞ്ഞു. ശശി പരവൂര്‍ മോഡറേറ്ററായിരുന്നു.

No comments:

Post a Comment