Sunday 9 December 2012

സാമൂഹിക മൂല്യം ഉള്‍ക്കൊണ്ട്‌ കുട്ടികള്‍ക്കായി ചിത്രമെടുക്കണം: കെ. ഹരിഹരന്‍


കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സൗത്ത്‌ ഏഷ്യന്‍ ചില്‍ഡ്രന്‍സ്‌ സിനിമാ ഫോറം സംഘടിപ്പിച്ച ദ്വിദിന 'റൗണ്ട്‌ ടേബിള്‍' ശില്‌പശാല ആരംഭിച്ചു. ഹൊറൈസണ്‍ ഹോട്ടലില്‍ നടക്കുന്ന ശില്‌പശാല ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ഉദ്‌ഘാടനം ചെയ്‌തു.

അക്രമവും അനാവശ്യ പ്രയോഗങ്ങളുമൊഴിവാക്കി സാമൂഹിക മൂല്യം ഉള്‍ക്കൊള്ളുന്ന സിനിമകളാണ്‌ കുട്ടികള്‍ക്കായി നിര്‍മിക്കേണ്ടതെന്ന്‌ ശില്‌പശാലയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംവിധായകന്‍ കെ. ഹരിഹരന്‍ അഭിപ്രായപ്പെട്ടു. കുട്ടികളെ കഥാപാത്രങ്ങളാക്കി സിനിമയെടുക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ കുട്ടികള്‍ക്കുവേണ്ടി ചിത്രമെടുക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കുവേണ്ടി ചലച്ചിത്രമെടുക്കുമ്പോള്‍ ലക്ഷ്യം സേവനമാകണം, ലാഭമാകരുതെന്ന്‌ ശ്രീലങ്കന്‍ സംവിധായകനായ ഡോ. സോമരത്‌ന ഡിസ്സനായകെയും സിനിമ കണ്ടുപഠിക്കുന്ന കുട്ടികളുടെ മനസ്സറിഞ്ഞു വേണം സിനിമയെടുക്കേണ്ടതെന്ന്‌ പാക്കിസ്ഥാന്‍ സംവിധായകന്‍ ഉസ്‌മാന്‍ പീര്‍സ്സാദയും അഭിപ്രായപ്പെട്ടു.
കേരളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളെ കുട്ടികള്‍ക്കായി നിര്‍മിക്കുന്നുള്ളുവെന്ന്‌ കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ ബേബി മാത്യു പറഞ്ഞു.
കാതറിന്‍ മസൂദ്‌ (ബംഗ്ലാദേശ്‌), ചാന്ദിത മുഖര്‍ജി (ഇന്ത്യ), ജെന്നി തോംസണ്‍ (യു.കെ.), കനക്‌മണി ഡിക്‌സിറ്റ്‌ (നേപ്പാള്‍), ലത്തീഫ്‌ അഹ്‌മദി (അഫ്‌ഗാനിസ്ഥാന്‍), മോണിക്ക വാഹി (ഇന്ത്യ), സന്തോഷ്‌ ശിവന്‍ (ഇന്ത്യ), ഷോയ്‌ബ്‌ ഇക്‌ബാല്‍ (പാക്കിസ്ഥാന്‍), സൂസന്‍ ബെന്‍ (യു.കെ.), സുശീല്‍ അഗര്‍വാള്‍ (ഇന്ത്യ) എന്നിവരും ശില്‌പശാലയില്‍ പങ്കെടുക്കുന്നുണ്ട്‌.

No comments:

Post a Comment