Thursday 13 December 2012

മേളപോലെ ആകര്‍ഷകം ഓഫീസ്‌ കവാടം

സിനിമയുടെ ചരിത്രവും വര്‍ത്തമാനവും സംഗമിക്കുന്ന ഇടമാണ്‌ ചലച്ചിത്രമേളകള്‍. പതിനേഴാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേള കെട്ടിലും മട്ടിലും ഇന്നലകളെ അനുസ്‌മരിപ്പിച്ചുകൊണ്ടിരുന്നു. മേളയുടെ ഹൃദയഭാഗമായ ഫെസ്റ്റിവല്‍ ഓഫീസ്‌ സിനിമയുടെ വളര്‍ച്ചയിലും വ്യാപനത്തിലും അവിസ്‌മരണീയമായ പങ്ക്‌ വഹിച്ച പ്രൊജക്ടറുകളുടെ ഓര്‍മ്മപുതുക്കലായി. മേളയുടെ മുഖ്യാകര്‍ഷണമായി മാറിയ ഫെസ്റ്റിവല്‍ ഓഫീസ്‌. സിനിമ അതിന്റെ ചരിത്രദൗത്യം പൂര്‍ത്തീകരിച്ചുക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു പ്രൊജക്ടര്‍ ഏറ്റവും അര്‍ത്ഥവത്താണ്‌. സിനിമയ്‌ക്കുള്ള ഒരു വിടവാങ്ങല്‍ സ്‌മരണ.

കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷണമാകുന്ന ഫെസ്റ്റിവല്‍ ഓഫീസുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച തിരുവനന്തപുരം പേയാട്‌ സ്വദേശി ഹൈലേഷിന്റെ കരവിരുതുതന്നെയാണ്‌ ഇത്തവണയും കാണികളെ ആകര്‍ഷിച്ചത്‌. 32 അടി പൊക്കത്തില്‍ തീര്‍ത്ത പഴയകാല സിനിമ പ്രൊജക്‌ടറായിരുന്നു ഓഫീസിന്റെ കവാടം.

ചലിച്ചു കൊണ്ടിരിക്കുന്ന ഫിലിം റീലുകളും പുറത്തേക്കു വരുന്ന ദൃശ്യങ്ങളും ഒരിക്കല്‍ കണ്ടവര്‍ വീണ്ടും വീണ്ടും കാണാനാഗ്രഹിച്ചു, അതിനു മുന്നില്‍ നിന്ന്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തു. പ്രൊജക്‌ടറിന്റെ എഞ്ചിനും ബള്‍ബുകളും ഉള്‍ക്കൊള്ളുന്ന ഭാഗം ഓഫീസിലേക്കുളള പ്രവേശനവഴിയാണ്‌. നാലു ദിവസം കൊണ്ടാണ്‌ തെര്‍മോക്കോളിലും പ്ലൈവുഡിലും തീര്‍ത്ത കൂറ്റന്‍ പ്രൊജക്‌ടര്‍ തയ്യാറായത്‌.

12 വര്‍ഷങ്ങളായി വിവിധ വേദികള്‍ ആകര്‍ഷകമാക്കുന്നതില്‍ ഹൈലേഷ്‌ എന്ന കലാകാരന്റെയും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും ആത്മസമര്‍പ്പണവുമുണ്ട്‌. കൂട്ടായ്‌മയുടെ വിജയമാണ്‌ തന്റെ സൃഷ്‌ടികള്‍ക്കു ലഭിക്കുന്ന അംഗീകാരമെന്ന്‌ വിശ്വസിക്കാനാണ്‌ ഈ കലാകാരനിഷ്‌ടം. തന്റെ സൃഷ്‌ടിക്കു ലഭിക്കുന്ന അംഗീകാരമാണ്‌ സാമ്പത്തിക നേട്ടത്തെക്കാള്‍ പ്രചോദനമാകുന്നതെന്ന്‌ ഹൈലേഷ്‌ പറയുന്നു..

No comments:

Post a Comment